വിത്തുകള്‍


വിദൂരമല്ലാത്ത നാളിലീ തീരത്തും
വരും, വരാതിരിയ്ക്കില്ലൊരു പുതുകാലം
പൂമ്പാറ്റകള്‍, പൂമ്പരാഗങ്ങളില്ലാത്ത,
നല്ലൊരാലിംഗനത്തിന്റെ കാനലുമില്ലാത്ത
വല്ലാത്തകാലം വരു,മതു തീര്‍ച്ച തന്നെ

സുലഭമാകുമ,ക്കാലത്തു നമ്മള്‍ക്ക്
പല വിധമുള്ളതാം വിത്തുകളൊക്കെയും
മുളയുള്ള വിത്തുകള്‍, മുളയില്ലാ വിത്തുകള്‍,
മുളയൊട്ടും വരാതുള്ള, കെട്ടതാം വിത്തുകള്‍
ഇണയില്ലാ വിത്തുകള്‍, തുണയില്ലാ വിത്തുകള്‍
ഒന്നിനൊന്നോടു ചേരാത്ത വിത്തുകള്‍
മേന്മയേറുന്ന ഭിഷഗ്വരവിത്തുകള്‍
നന്മ ലേശവും പുരളാത്ത വിത്തുകള്‍,
സുന്ദരന്മാരാകുമെമ്പീയേ വിത്തുകള്‍
സുന്ദര,കമാനങ്ങള്‍ തീര്‍ക്കുന്ന
ചന്തമുള്ളോരെഞ്ചിനീയര്‍ വിത്തുകള്‍

വിലയ്ക്കുവാങ്ങിയ്ക്കാം നമുക്കവയോരോന്നും
ഇലയ്ക്കുമില്ല ക്ഷതം, മുള്ളിനുമല്പവും
വിത്തുകുത്തിയിട്ടിത്തിരി നനച്ചിട്ടു
കാത്തിരിയ്ക്കാം കിളിര്‍ക്കുവാനവയൊക്കെയും
വളര്‍ത്തിടാം നമുക്കുണ്ണികളെപ്പിന്നെ
ചുരത്തിടാ,തൊരുതുള്ളി ദുഗ്ധമതുപോലും
ഒരു താരാട്ടിന്നീണവും മുഴങ്ങാതെ

അനുബന്ധം
വിണ്ടുകീറിയ മാനത്തു നീളവെ
തുണ്ടുതുണ്ടായ മേഘങ്ങള്‍ പോലവെ,
നമ്മളൊഴുകി നടക്കുന്ന കാലവും
വന്നുചേരും ശരവേഗത്തില്‍ തന്നെ

വിനോദ്.കെ.എ.
Popular posts from this blog

യന്ത്രമനുഷ്യരുടെ പാട്ട്

ആകസ്മികം