യന്ത്രമനുഷ്യരുടെ പാട്ട്

ജനിയ്ക്കുന്നു നാമൊക്കെ മനുഷ്യരായി
മതമെന്ന കുപ്പായമുടനെടുത്തണിയും
അതിന്മേലെ രാഷ്ട്രീയത്തൊങ്ങല്‍ തുന്നും
വളരുന്നു നാം യന്ത്രക്കുഞ്ഞുങ്ങളായ്
പൊരുളറിയാത്തൊരു കടങ്കഥയോ
മനുഷ്യന്റെ ജന്മമിതാര്‍ക്കറിയാം

കുഞ്ഞുങ്ങള്‍ വളരുന്നു നാളുതോറും
സിരകളിലൊഴുകുന്ന ചുവന്ന ഗ്രീസില്‍
വഴുവഴുത്തുരയുന്ന പല്‍ച്ചക്രങ്ങള്‍
ആജ്ഞകള്‍ സ്വരുക്കൂട്ടും ബൃഹദ് യന്ത്രങ്ങള്‍
ആജ്ഞാനുവര്‍ത്തികള്‍ ഉപയന്ത്രങ്ങള്‍
ഉരുക്കിന്റെ തിളങ്ങുന്ന യന്ത്രക്കൈകള്‍
ഉള്ളം നിറയുന്ന യന്ത്രഭാവങ്ങള്‍
ദയയറ്റു മിന്നുന്ന വാള്‍ത്തലകള്‍
മരവിച്ചു നില്ക്കുന്ന ഹൃദയയന്ത്രം
മര്‍ത്ത്യജീവിതമെന്നുള്ള കറുത്ത യാത്ര
യന്ത്രമാനവനിലേയ്ക്കുള്ള ഘോഷയാത്ര
ചരിഞ്ഞൊന്നു നോക്കാമിടയിടയില്‍
ചിരിച്ചൊന്നുകാണിയ്ക്കാമയല്‍പ്പക്കമേ
ചിരിയ്ക്കുന്ന യന്ത്രസഹോദരരേ
സ്നേഹിച്ചു വഞ്ചിച്ചു മതിമറക്കാം

ഒരു വന്‍കരയോളം ദൂരം താണ്ടി,
ഒരു കടലോളവും നീന്തിവന്ന്
മുക്കാലും യന്ത്രമനുഷ്യരായി
നമ്മളീ കവലയില്‍ വന്നു നില്ക്കേ,
പിറകിലേയ്ക്കിനിയൊരു യാത്രയാമോ?
മുഴുയന്ത്രമനുഷ്യരായ് മാറും വരെ
മുന്നോട്ടുമുന്നോട്ടു നാം നടക്കാം
കാമ്യമതല്ലയോ സഹയാത്രികരേ?
യന്ത്രഹൃദന്തങ്ങള്‍ മുഴങ്ങിടട്ടെ
യന്ത്രഹൃദയങ്ങള്‍ തുടിച്ചിടട്ടെ

ജനിയ്ക്കുന്നു നാമൊക്കെ മനുഷ്യരായി
മതമെന്ന കുപ്പായമുടനെടുത്തണിയും
അതിന്മേലെ രാഷ്ട്രീയത്തൊങ്ങല്‍ തുന്നും
വളരുന്നു നാം യന്ത്രക്കുഞ്ഞുങ്ങളായ്
പൊരുളറിയാത്തൊരു കടങ്കഥയോ
മനുഷ്യന്റെ ജന്മമിതാര്‍ക്കറിയാം

വിനോദ്.കെ..


Popular posts from this blog

ആകസ്മികം

വിത്തുകള്‍