ഗ്രഹങ്ങളുടെ താരാട്ട്

കവിളത്തു നീര്‍ച്ചാലൊഴുക്കി
കരയുന്നതെന്തിനെന്‍ കുഞ്ഞേ?
ജീവിതപ്പെരുങ്കടല്‍ കണ്ടോ, വരും
സങ്കടപ്പെരുമഴയോര്‍ത്തോ!

മഴയും വെയിലും നല്ലിരുളും
ദുരിതജന്മത്തിന്റെ പാച്ചില്‍
വഴിയാകെ മുള്ളുകളല്ലോ
ഭയമേതുമില്ലാതെ പോക

വേവുമീ പകലും കടന്ന്
ആവുന്നതും കര പറ്റാം
അഴലുകളൊരുനാളകലും
വഴിയാകെ പൂക്കള്‍ നിറയും

ദൂരെ നഗരത്തിലുള്ള
ഇംഗ്ലീഷുമീഡിയം തന്നില്‍
മുണ്ടു മുറുക്കിയുടുത്തും
നിന്നെപ്പഠിപ്പിയ്ക്കുവാനായി
എന്തെന്തു കഷ്ടനഷ്ടങ്ങള്‍
അമ്മ തളര്‍ന്നുപോകുന്നു

എങ്കിലും ജീവിതം ധന്യം
സുന്ദരസ്സ്വപ്നങ്ങള്‍ കണ്ട്
നല്ലൊരു നാളെയെ നെഞ്ചില്‍
വല്ലാതെ കൊണ്ടു നടന്ന്

കാക്കക്കറുപ്പുള്ള കോട്ടും
ചങ്കില്‍ മുറുക്കിയ ടൈയും
ചുണ്ടില്‍ നിറയെയിംഗ്ലീഷും
നീ വളരുന്നതു കാണാന്‍
അമ്മ കൊതിപൂണ്ടു നില്പൂ

മാനത്തു നിന്റെ പൊന്നച്ഛന്‍
നനയുന്ന കണ്ണുകളോടെ
നോക്കിയിരിയ്ക്കുകയാകും
അച്ഛന്റെ മോഹനസ്വപ്നം
സാക്ഷാത്ക്കരിയ്ക്കുകയില്ലേ?

ഓര്‍മ്മയിലെന്നും പുലരാന്‍
ഒരു ചെറുകാര്യമിന്നോതാം
അറിവുകളേക്കാള്‍ പ്രധാനം
ഒന്നാമനാകേണ്ടതത്രേ
ഒന്നാമനാകണം നീയെന്നും
ഒന്നുമറിയാത്ത കുഞ്ഞേ

മൊഴികളില്‍ നീയെന്നുമെന്നും
കരുതലോടെയിരിയ്ക്കേണം
ജീവിതപ്പടവുകള്‍ കേറാന്‍
ആംഗലേയത്തില്‍ മൊഴിയേണം
മലയാളമൊഴിയില്‍ പറഞ്ഞാല്‍
കുറവായിക്കണ്ടിടും ലോകം

നന്മകള്‍ക്കെന്നുമീ ഭൂവില്‍
കേവലം നിസ്സാര സ്ഥാനം
നല്ലമനുഷ്യരേക്കാളും
നന്മമനുഷ്യരേക്കാളും
ഭൂമിയില്‍ ധനവാനുസ്ഥാനം
ഉയരങ്ങളില്‍ തന്നെയെന്നും
അറിയുക നീയെന്‍ കുരുന്നേ

ഖേദമെനിയ്ക്കൊന്നേയുള്ളൂ
കഥകള്‍ കവിതകള്‍ പിന്നെ
വാമൊഴി വരമൊഴിച്ചന്തം
മലയാളമധുരം നിനക്കൊട്ടും
നുണയുവാനാകില്ലായല്ലോ
കേവലം നിസ്സാര കാര്യം
കൂട്ടിക്കിഴിയ്ക്കില്‍ അതു തുച്ചം

കണ്ണീര്‍ തുടയ്ക്കുകെന്നുണ്ണീ
പുഞ്ചിരി തൂകി നീ പോക
നിന്‍ പാല്‍പുഞ്ചിരിവെട്ടം
നിശ്ശൂന്യമീലോകത്തേക-
താരകം പോലെയാണല്ലോ
അമ്മയ്ക്കു വേറെന്തുവേണം
ജീവിതം സാര്‍ത്ഥകമാകാന്‍


അനുബന്ധം
നിറയെ കുരുന്നുകളുമായി
വെറിപൂണ്ടൊരോട്ടോയിങ്ങെത്തി
പുറമാകെ കുത്തിനിറച്ച
പുസ്തകസഞ്ചികളോടെ
അകമാകെ കൊച്ചുകിടാങ്ങള്‍
അറവുശാലയിലേയ്ക്കെന്ന പോലെ

ഇനിയോരോ കിടാങ്ങളുമോരോ
സ്വപ്നഗ്രഹങ്ങളായ് വളരും
ഓരോ ഗ്രഹങ്ങളുമോരോ
കൊച്ചുതുരുത്തുകളാകും

അണ്ഡകടാഹത്തിലെത്ര
കോടാനുകോടി ഗ്രഹങ്ങള്‍
ഇല്ല, പ്രവേശനമില്ല
അങ്ങേട്ടുമിങ്ങോട്ടുമാര്‍ക്കും

വിനോദ്.കെ.എ.