പുഴുപുഴുവാണു ഞാന്‍
പുല്ലിലെ,
ചേറിലെ,
ചാണകത്തിലെ,
ചവറ്റുകുപ്പയിലെ......
പുഴുവാണു ഞാനെന്നറിയുന്നു
 
പുല്ലും ചേറും ചാണകവും
പിന്നെയീ ചവറ്റുകുപ്പയും
എല്ലാമെന്റെ സാമ്രാജ്യം
അറ്റമില്ലാതെ കിടക്കുന്നു

എങ്കിലും കണ്ടിട്ടില്ല ഞാനൊന്നും
ബുര്‍ജ് ഖലീഫയുടെ വിസ്മയം
പിസായുടെ ചരിഞ്ഞ ഗോപുരവും
നയാഗ്രയുടെ ഉന്മത്തഭാവവും
ഹിമവാന്റെ ഗാംഭീര്യവും
ഖജുരാഹോയിലെ രതിശില്പങ്ങളും

ഒന്നും ഞാന്‍ കണ്ടിട്ടില്ല
ഒന്നും ഞാന്‍ തൊട്ടറിഞ്ഞിട്ടില്ല
കണ്ട പൊട്ടകാഴ്ചകള്‍പോലും
മനസ്സില്‍ കോറിയിട്ടതുമില്ല

വെറുമൊരു പുഴുവാണുഞാന്‍
ചേറില്‍ കുന്നിയ്ക്കുന്നു
സ്വപ്നമെന്നു മനസ്സില്‍ കരുതി
പടുകാഴ്ചകള്‍ പലതും കാണുന്നു

സ്വപ്നമെന്നാലെന്താകുന്നു?
നിറങ്ങള്‍ക്കു കൊലുസു വച്ചതോ?
നിദ്രപോലെ നിറങ്ങളില്ലാത്തതോ?
ശുദ്ധശൂന്യമാമപാരതയോ?

വിനോദ്

ആകസ്മികം


 
കൈയ്യിലെ കുറിമാനത്തില്‍
മഷിയിനിയും ഉണങ്ങിയിട്ടില്ല
അടയാളങ്ങളൊക്കെയും കൃത്യം
ഇല്ല, അവനു തെറ്റുപറ്റുകയില്ല

നാല്പതുവയസ്സ് നാലുമാസവും
പിന്നെയിന്നേയ്ക്കിരുപതും
കണക്കുകളല്ലാം കൃത്യം തന്നെ
ഇല്ല, അവനു തെറ്റുപറ്റിയിട്ടില്ല

ഉരുകുമീയുച്ചവെയിലത്ത്
നിന്റെ ചുമലിലില്‍ കനക്കുന്ന
താബൂക്കുകല്ലൊന്നു താഴെ വയ്ക്കുക
കാക്കത്തണലത്തുതളര്‍ന്നിരിയ്ക്കുക

തെല്ലും ഞാന്‍ വേദനിപ്പിയ്ക്കയില്ല
നെഞ്ചൊന്നെരിയും പിന്നെ
നീറ്റലും പുകച്ചിലുമുണ്ടാകും
നന്നായൊന്നു വിയര്‍ത്തേയ്ക്കാം

നിമിഷാര്‍ദ്ധങ്ങളില്‍
ജീവശ്വാസമെവിടെയോ
കുരുങ്ങിക്കിടക്കുന്നതായി
തോന്നിയേയ്ക്കാം
നിന്റ സ്വപ്നങ്ങള്‍ക്കു ചിറകായി
നിന്റെ കാമിനിയുണ്ടാകും
കൂരയില്‍ കരഞ്ഞിരിയ്ക്കാന്‍
അച്ഛനെയൊര്‍ത്തുകുഞ്ഞുങ്ങളും

എല്ലാം ഭാരങ്ങള്‍, എല്ലാമിറക്കിവയ്ക്കുക
ഇനിയീയാത്രയിലൊരിടവേള
വിശ്രമിച്ചുകൊള്ളുക
ജന്മഭാരങ്ങളിറക്കിവയ്ക്കുക

പിന്നെയും യാത്ര
മറ്റൊരിടത്താവളം തേടി
ജന്മജന്മാന്തരങ്ങളുടെ
തുടര്‍ക്കഥയാണിത്

എന്നെ വെറുക്കാതിരിയ്ക്കുക
ഞാന്‍ വെറുമൊരു ദൂതന്‍
ആജ്ഞാനുവര്‍ത്തിയാമറിവുകെട്ട
വെറും നിഴല്‍

സ്നേഹിയ്ക്കയാണുവേണ്ടതെന്നെ
ജനനം മുതലേ കൂടെയുണ്ടല്ലോ
വേണമെങ്കില്‍ വിളിച്ചു കളിയാക്കാം
കോമാളിയെന്നും
രംഗബോധമില്ലാത്തവനെന്നും

വിനോദ്


പീഢനകാലത്തെ പൂക്കളും വണ്ടുകളും


ഒരില
ഒരിലപോലെ
തളിരായ ഒരിലപോലെ
എളുപ്പത്തില്‍
നുള്ളിയെടുക്കാമായിരുന്നു
വളരെ സൗമ്യമായി
വേദനിപ്പിയ്ക്കാതത്തന്നെ

തൊട്ടപ്പോള്‍ എന്റെ
മെയ് മുറിഞ്ഞിരുന്നു
വേദനിച്ചിരുന്നു
അവന്റെ കുറ്റമായിരുന്നില്ല
എന്റെ ഇതളുകള്‍
തീര്‍ത്തും ദുര്‍ബ്ബലമായിരുന്നു

അവന്റെ കൈകള്‍
പരുപരുത്തിരുന്നത്
അവന്റെ കുറ്റമായിരുന്നില്ലല്ലോ
മാറിടം ബലിഷ്ടമായിരിയ്ക്കുന്നത്
ദംഷ്ട്രകള്‍ കൂര്‍ത്തിരിയ്ക്കുന്നത്
ഒന്നും അവന്റെ കുറ്റമായിരുന്നില്ല
ആരും കുറ്റം ചെയ്യുന്നില്ല
കുറ്റം സംഭവിയ്ക്കയാണ് ചെയ്യുന്നത്

വാസ്തവത്തില്‍
മരണം മരണമായിരുന്നില്ല
ജീവിതം ജീവിതവും
മരണം മറഞ്ഞുപോകലാകുന്നു
മാഞ്ഞുപോകലാകുന്നു
ജീവിതം തിരശ്ശീലയ്ക്കുമപ്പുറത്തെ
ഇത്തിരി മിഴിവെട്ടവും

തീര്‍ച്ചയായും
നഷ്ടം
ജീവിയ്ക്കുന്നവര്‍ക്കുതന്നെയായിരുന്നു
എന്റെ ഭംഗി
ഉച്ഛ്വാസം
മന്ദസ്മിതം
നൊമ്പരങ്ങള്‍
എല്ലാം തന്നെ
അവര്‍ക്ക്
നഷ്ടമാവുകയായിരുന്നു

എങ്കിലും
ഒന്നു ചെയ്യാമായിരുന്നു
ഒരിലപോലെ
തളിരായ ഒരിലപോലെ
വേദനിപ്പിയ്ക്കാതെ
നുള്ളിയെടുത്ത്
ജീവന്റെ തുടിപ്പുകളത്രയും
ഇറ്റിച്ചുകളഞ്ഞിട്ട്
ഞെരിച്ചുകളയുകയെങ്കിലും
ചെയ്യാമായിരുന്നു

വിനോദ്ഗ്രഹങ്ങളുടെ താരാട്ട്

കവിളത്തു നീര്‍ച്ചാലൊഴുക്കി
കരയുന്നതെന്തിനെന്‍ കുഞ്ഞേ?
ജീവിതപ്പെരുങ്കടല്‍ കണ്ടോ, വരും
സങ്കടപ്പെരുമഴയോര്‍ത്തോ!

മഴയും വെയിലും നല്ലിരുളും
ദുരിതജന്മത്തിന്റെ പാച്ചില്‍
വഴിയാകെ മുള്ളുകളല്ലോ
ഭയമേതുമില്ലാതെ പോക

വേവുമീ പകലും കടന്ന്
ആവുന്നതും കര പറ്റാം
അഴലുകളൊരുനാളകലും
വഴിയാകെ പൂക്കള്‍ നിറയും

ദൂരെ നഗരത്തിലുള്ള
ഇംഗ്ലീഷുമീഡിയം തന്നില്‍
മുണ്ടു മുറുക്കിയുടുത്തും
നിന്നെപ്പഠിപ്പിയ്ക്കുവാനായി
എന്തെന്തു കഷ്ടനഷ്ടങ്ങള്‍
അമ്മ തളര്‍ന്നുപോകുന്നു

എങ്കിലും ജീവിതം ധന്യം
സുന്ദരസ്സ്വപ്നങ്ങള്‍ കണ്ട്
നല്ലൊരു നാളെയെ നെഞ്ചില്‍
വല്ലാതെ കൊണ്ടു നടന്ന്

കാക്കക്കറുപ്പുള്ള കോട്ടും
ചങ്കില്‍ മുറുക്കിയ ടൈയും
ചുണ്ടില്‍ നിറയെയിംഗ്ലീഷും
നീ വളരുന്നതു കാണാന്‍
അമ്മ കൊതിപൂണ്ടു നില്പൂ

മാനത്തു നിന്റെ പൊന്നച്ഛന്‍
നനയുന്ന കണ്ണുകളോടെ
നോക്കിയിരിയ്ക്കുകയാകും
അച്ഛന്റെ മോഹനസ്വപ്നം
സാക്ഷാത്ക്കരിയ്ക്കുകയില്ലേ?

ഓര്‍മ്മയിലെന്നും പുലരാന്‍
ഒരു ചെറുകാര്യമിന്നോതാം
അറിവുകളേക്കാള്‍ പ്രധാനം
ഒന്നാമനാകേണ്ടതത്രേ
ഒന്നാമനാകണം നീയെന്നും
ഒന്നുമറിയാത്ത കുഞ്ഞേ

മൊഴികളില്‍ നീയെന്നുമെന്നും
കരുതലോടെയിരിയ്ക്കേണം
ജീവിതപ്പടവുകള്‍ കേറാന്‍
ആംഗലേയത്തില്‍ മൊഴിയേണം
മലയാളമൊഴിയില്‍ പറഞ്ഞാല്‍
കുറവായിക്കണ്ടിടും ലോകം

നന്മകള്‍ക്കെന്നുമീ ഭൂവില്‍
കേവലം നിസ്സാര സ്ഥാനം
നല്ലമനുഷ്യരേക്കാളും
നന്മമനുഷ്യരേക്കാളും
ഭൂമിയില്‍ ധനവാനുസ്ഥാനം
ഉയരങ്ങളില്‍ തന്നെയെന്നും
അറിയുക നീയെന്‍ കുരുന്നേ

ഖേദമെനിയ്ക്കൊന്നേയുള്ളൂ
കഥകള്‍ കവിതകള്‍ പിന്നെ
വാമൊഴി വരമൊഴിച്ചന്തം
മലയാളമധുരം നിനക്കൊട്ടും
നുണയുവാനാകില്ലായല്ലോ
കേവലം നിസ്സാര കാര്യം
കൂട്ടിക്കിഴിയ്ക്കില്‍ അതു തുച്ചം

കണ്ണീര്‍ തുടയ്ക്കുകെന്നുണ്ണീ
പുഞ്ചിരി തൂകി നീ പോക
നിന്‍ പാല്‍പുഞ്ചിരിവെട്ടം
നിശ്ശൂന്യമീലോകത്തേക-
താരകം പോലെയാണല്ലോ
അമ്മയ്ക്കു വേറെന്തുവേണം
ജീവിതം സാര്‍ത്ഥകമാകാന്‍


അനുബന്ധം
നിറയെ കുരുന്നുകളുമായി
വെറിപൂണ്ടൊരോട്ടോയിങ്ങെത്തി
പുറമാകെ കുത്തിനിറച്ച
പുസ്തകസഞ്ചികളോടെ
അകമാകെ കൊച്ചുകിടാങ്ങള്‍
അറവുശാലയിലേയ്ക്കെന്ന പോലെ

ഇനിയോരോ കിടാങ്ങളുമോരോ
സ്വപ്നഗ്രഹങ്ങളായ് വളരും
ഓരോ ഗ്രഹങ്ങളുമോരോ
കൊച്ചുതുരുത്തുകളാകും

അണ്ഡകടാഹത്തിലെത്ര
കോടാനുകോടി ഗ്രഹങ്ങള്‍
ഇല്ല, പ്രവേശനമില്ല
അങ്ങേട്ടുമിങ്ങോട്ടുമാര്‍ക്കും

വിനോദ്.കെ.എ.

വരകളും വഴികളും


കുഞ്ഞായിരിയ്ക്കുമ്പോള്‍
അച്ഛനൊരു വര വരച്ചു
അമ്മ മറ്റൊരു വര വരച്ചു
വരകള്‍ക്കിടയിലൂടെ
ഞാന്‍ നടന്നു
നേര്‍വരയില്‍
നേര്‍വഴിയില്‍
പിന്നെയെപ്പഴോ അവള്‍ വന്നു
മേലെയൊരു വര കോറിയിട്ടു
ഞാന്‍ തിരിച്ചു നടന്നു
താഴോട്ട് താഴോട്ട്
നേര്‍വരയില്‍ നേര്‍വഴിയില്‍
വര്‍ഷങ്ങള്‍ പെയ്തിറങ്ങി
അവര്‍ വന്നു
താഴെയൊരു വര വരച്ചു
ഞാനെല്ലാവരകള്‍ക്കുമിടയില്‍
കയറിക്കിടന്നു
ഞാന്‍ പുണ്യം ചെയ്തവന്‍
ഇപ്പോഴെനിയ്ക്ക്
സഞ്ചരിയ്ക്കണമെന്നുമില്ല
സുഖം
സുഷുപ്തി

വിനോദ്.കെ.എ.

ഇരകളും വേട്ടക്കാരും നിങ്ങളും


അവര്‍ ഉറങ്ങുകയായിരുന്നു
അതോ
ഉറക്കം നടിയ്ക്കുകയായിരുന്നുവോ?
അതുമല്ലെങ്കില്‍
മയങ്ങിക്കിടക്കയായിരുന്നുവോ?

പക്ഷേ, ഞങ്ങള്‍ …...
ഞങ്ങള്‍ ഉറങ്ങുകയായിരുന്നില്ല
ഉറക്കം നടിയ്ക്കുകയായിരുന്നില്ല
മയങ്ങിക്കിടക്കയുമായിരുന്നില്ല

ഞങ്ങള്‍
അവര്‍ ഉറങ്ങുന്നതും നോക്കിയിരുന്നു,
അവര്‍ മയങ്ങുന്നതും നോക്കിയിരുന്നു,
അവര്‍ പുതച്ചുകിടന്ന കരിമ്പടം
തെല്ലൊന്നകലുന്നതും നോക്കി
ചെകിടില്‍ ഞങ്ങള്‍ വട്ടം പിടിച്ചുനടന്നു
കറുത്ത കരിമ്പടം തെല്ലൊന്നനങ്ങിയോ?
ചുവന്നു തുടുത്ത മുഖം തെളിഞ്ഞുവോ?
ഞങ്ങള്‍ക്ക് ചോര മണക്കുന്നു

ചോദ്യം
ചോദ്യം നിങ്ങളോടാകുന്നു
നിങ്ങള്‍ ഉറങ്ങാറുണ്ടോ?
കറുത്ത കരിമ്പടം അലസമായിട്ടിടാറുണ്ടോ?
നിങ്ങളുടെ ചുവന്നു തുടുത്ത മുഖം
ഇരകള്‍ക്കിട്ടുകൊടുക്കാറുണ്ടോ?

നിങ്ങള്‍
അവര്‍ ഉറങ്ങുന്നതും നോക്കി
കരിമ്പടമൊന്നനങ്ങുന്നതും നോക്കി
ഇരിയ്ക്കാറുണ്ടോ?
നിങ്ങള്‍
ഇരയോ വേട്ടക്കാരനോ?
അതോ
ഇരയും വേട്ടക്കാരനും കൂടിയോ?

 

 

 

 

വിനോദ്