Posts

വിത്തുകള്‍

വിദൂരമല്ലാത്ത നാളിലീ തീരത്തും വരും, വരാതിരിയ്ക്കില്ലൊരു പുതുകാലം പൂമ്പാറ്റകള്‍, പൂമ്പരാഗങ്ങളില്ലാത്ത, നല്ലൊരാലിംഗനത്തിന്റെ കാനലുമില്ലാത്ത വല്ലാത്തകാലം വരു,മതു തീര്‍ച്ച തന്നെ
സുലഭമാകുമ,ക്കാലത്തു നമ്മള്‍ക്ക് പല വിധമുള്ളതാം വിത്തുകളൊക്കെയും മുളയുള്ള വിത്തുകള്‍, മുളയില്ലാ വിത്തുകള്‍, മുളയൊട്ടും വരാതുള്ള, കെട്ടതാം വിത്തുകള്‍ ഇണയില്ലാ വിത്തുകള്‍, തുണയില്ലാ വിത്തുകള്‍ ഒന്നിനൊന്നോടു ചേരാത്ത വിത്തുകള്‍ മേന്മയേറുന്ന ഭിഷഗ്വരവിത്തുകള്‍ നന്മ ലേശവും പുരളാത്ത വിത്തുകള്‍, സുന്ദരന്മാരാകുമെമ്പീയേ വിത്തുകള്‍ സുന്ദര,കമാനങ്ങള്‍ തീര്‍ക്കുന്ന ചന്തമുള്ളോരെഞ്ചിനീയര്‍ വിത്തുകള്‍
വിലയ്ക്കുവാങ്ങിയ്ക്കാം നമുക്കവയോരോന്നും ഇലയ്ക്കുമില്ല ക്ഷതം, മുള്ളിനുമല്പവും വിത്തുകുത്തിയിട്ടിത്തിരി നനച്ചിട്ടു കാത്തിരിയ്ക്കാം കിളിര്‍ക്കുവാനവയൊക്കെയും വളര്‍ത്തിടാം നമുക്കുണ്ണികളെപ്പിന്നെ ചുരത്തിടാ,തൊരുതുള്ളി ദുഗ്ധമതുപോലും ഒരു താരാട്ടിന്നീണവും മുഴങ്ങാതെ
അനുബന്ധം വിണ്ടുകീറിയ മാനത്തു നീളവെ തുണ്ടുതുണ്ടായ മേഘങ്ങള്‍ പോലവെ, നമ്മളൊഴുകി നടക്കുന്ന കാലവും <

യന്ത്രമനുഷ്യരുടെ പാട്ട്

Image
ജനിയ്ക്കുന്നു നാമൊക്കെ മനുഷ്യരായി മതമെന്ന കുപ്പായമുടനെടുത്തണിയും അതിന്മേലെ രാഷ്ട്രീയത്തൊങ്ങല്‍ തുന്നും വളരുന്നു നാം യന്ത്രക്കുഞ്ഞുങ്ങളായ് പൊരുളറിയാത്തൊരു കടങ്കഥയോ മനുഷ്യന്റെ ജന്മമിതാര്‍ക്കറിയാം
കുഞ്ഞുങ്ങള്‍ വളരുന്നു നാളുതോറും സിരകളിലൊഴുകുന്ന ചുവന്ന ഗ്രീസില്‍ വഴുവഴുത്തുരയുന്ന പല്‍ച്ചക്രങ്ങള്‍ ആജ്ഞകള്‍ സ്വരുക്കൂട്ടും ബൃഹദ് യന്ത്രങ്ങള്‍ ആജ്ഞാനുവര്‍ത്തികള്‍ ഉപയന്ത്രങ്ങള്‍ ഉരുക്കിന്റെ തിളങ്ങുന്ന യന്ത്രക്കൈകള്‍ ഉള്ളം നിറയുന്ന യന്ത്രഭാവങ്ങള്‍ ദയയറ്റു മിന്നുന്ന വാള്‍ത്തലകള്‍ മരവിച്ചു നില്ക്കുന്ന ഹൃദയയന്ത്രം മര്‍ത്ത്യജീവിതമെന്നുള്ള കറുത്ത യാത്ര യന്ത്രമാനവനിലേയ്ക്കുള്ള ഘോഷയാത്ര ചരിഞ്ഞൊന്നു നോക്കാമിടയിടയില്‍ ചിരിച്ചൊന്നുകാണിയ്ക്കാമയല്‍പ്പക്കമേ ചിരിയ്ക്കുന്ന യന്ത്രസഹോദരരേ സ്നേഹിച്ചു വഞ്ചിച്ചു മതിമറക്കാം
ഒരു വന്‍കരയോളം ദൂരം താണ്ടി, ഒരു കടലോളവും നീന്തിവന്ന് മുക്കാലും യന്ത്രമനുഷ്യരായി നമ്മളീ കവലയില്‍ വന്നു നില്ക്കേ, പിറകിലേയ്ക്കിനിയൊരു യാത്രയാമോ? മുഴുയന്ത്രമനുഷ്യരായ് മാറും വരെ മുന്നോട്ടുമുന്നോട്ടു നാം നടക്കാം കാമ്യമതല്ലയോ സഹയാത്രികരേ? യന്ത്രഹൃദന്തങ്ങള്‍ മുഴങ്ങിടട്ടെ യന്ത്രഹൃദയങ്ങള്‍ തുടിച്ചിടട്ടെ
ജനിയ്ക്കുന്നു നാമൊക്കെ മനുഷ്യര…

സംസ്കാരം

Image
മേലേക്കാവിലെയാറാട്ട് താലപ്പൊലിയുമെഴുന്നെള്ളിപ്പും വേല കഴിഞ്ഞാല്‍ വെടിക്കെട്ട് കോരാ നീയും പോന്നോളൂ കണ്ണിമ ചിമ്മാതിരുന്നോളൂ കാതുമടച്ചുപിടിച്ചോളൂ മുണ്ടു മുറുക്കിയുടുത്തോളൂ വയറെരിയുന്നതു നോക്കണ്ട പട്ടിണിയാണേലെന്താണ്? പടപട വെടിയുടെ മേളത്തില്‍ പടുജീവിതമുന്തി നിരങ്ങീടാം ദുരിതമതെല്ലാം മറന്നീടാം ദൂരക്കാഴ്ചകള്‍ കണ്ടീടാം കല്ലരിക്കഞ്ഞി നമുക്കെന്നും കുമ്പിളിലാക്കി നുകര്‍ന്നീടാം ഉള്ളതിലേറെ കാണിയ്ക്കാം അതാണു കേരളസംസ്കാരം കുറിപ്പ്: മനോഹരമായ ചിത്രത്തിന് ചിത്രകാരനോടും ഗൂഗിളിനോടും കടപ്പാട്

പുഴു

Image
പുഴുവാണു ഞാന്‍ പുല്ലിലെ, ചേറിലെ, ചാണകത്തിലെ, ചവറ്റുകുപ്പയിലെ...... പുഴുവാണു ഞാനെന്നറിയുന്നു പുല്ലും ചേറും ചാണകവും പിന്നെയീ ചവറ്റുകുപ്പയും എല്ലാമെന്റെ സാമ്രാജ്യം അറ്റമില്ലാതെ കിടക്കുന്നു
എങ്കിലും കണ്ടിട്ടില്ല ഞാനൊന്നും ബുര്‍ജ് ഖലീഫയുടെ വിസ്മയം പിസായുടെ ചരിഞ്ഞ ഗോപുരവും നയാഗ്രയുടെ ഉന്മത്തഭാവവും ഹിമവാന്റെ ഗാംഭീര്യവും ഖജുരാഹോയിലെ രതിശില്പങ്ങളും
ഒന്നും ഞാന്‍ കണ്ടിട്ടില്ല ഒന്നും ഞാന്‍ തൊട്ടറിഞ്ഞിട്ടില്ല കണ്ട പൊട്ടകാഴ്ചകള്‍പോലും മനസ്സില്‍ കോറിയിട്ടതുമില്ല
വെറുമൊരു പുഴുവാണുഞാന്‍ ചേറില്‍ കുന്നിയ്ക്കുന്നു സ്വപ്നമെന്നു മനസ്സില്‍ കരുതി പടുകാഴ്ചകള്‍ പലതും കാണുന്നു
സ്വപ്നമെന്നാലെന്താകുന്നു? നിറങ്ങള്‍ക്കു കൊലുസു വച്ചതോ? നിദ്രപോലെ നിറങ്ങളില്ലാത്തതോ? ശുദ്ധശൂന്യമാമപാരതയോ? വിനോദ്

ആകസ്മികം

Image
കൈയ്യിലെ കുറിമാനത്തില്‍ മഷിയിനിയും ഉണങ്ങിയിട്ടില്ല അടയാളങ്ങളൊക്കെയും കൃത്യം ഇല്ല, അവനു തെറ്റുപറ്റുകയില്ല
നാല്പതുവയസ്സ് നാലുമാസവും പിന്നെയിന്നേയ്ക്കിരുപതും കണക്കുകളല്ലാം കൃത്യം തന്നെ ഇല്ല, അവനു തെറ്റുപറ്റിയിട്ടില്ല
ഉരുകുമീയുച്ചവെയിലത്ത് നിന്റെ ചുമലിലില്‍ കനക്കുന്ന താബൂക്കുകല്ലൊന്നു താഴെ വയ്ക്കുക കാക്കത്തണലത്തുതളര്‍ന്നിരിയ്ക്കുക
തെല്ലും ഞാന്‍ വേദനിപ്പിയ്ക്കയില്ല നെഞ്ചൊന്നെരിയും പിന്നെ നീറ്റലും പുകച്ചിലുമുണ്ടാകും നന്നായൊന്നു വിയര്‍ത്തേയ്ക്കാം
നിമിഷാര്‍ദ്ധങ്ങളില്‍ ജീവശ്വാസമെവിടെയോ കുരുങ്ങിക്കിടക്കുന്നതായി തോന്നിയേയ്ക്കാം നിന്റ സ്വപ്നങ്ങള്‍ക്കു ചിറകായി നിന്റെ കാമിനിയുണ്ടാകും കൂരയില്‍ കരഞ്ഞിരിയ്ക്കാന്‍ അച്ഛനെയൊര്‍ത്തുകുഞ്ഞുങ്ങളും
എല്ലാം ഭാരങ്ങള്‍, എല്ലാമിറക്കിവയ്ക്കുക ഇനിയീയാത്രയിലൊരിടവേള വിശ്രമിച്ചുകൊള്ളുക ജന്മഭാരങ്ങളിറക്കിവയ്ക്കുക
പിന്നെയും യാത്ര മറ്റൊരിടത്താവളം തേടി ജന്മജന്മാന്തരങ്ങളുടെ തുടര്‍ക്കഥയാണിത്
എന്നെ വെറുക്കാതിരിയ്ക്കുക ഞാന്‍ വെറുമൊരു ദൂതന്‍ ആജ്ഞാനുവര്‍ത്തിയാമറിവുകെട്ട വെറും നിഴല്‍
സ്നേഹിയ്ക്കയാണുവേണ്ടതെന്നെ ജനനം മുതലേ കൂടെയുണ്ടല്ലോ വേണമെങ്കില്‍ വിളിച്ചു കളിയാക്കാം കോമാളിയെന്നും രംഗബോധമില്ലാത്തവനെന്നും
വിനോദ്

പീഢനകാലത്തെ പൂക്കളും വണ്ടുകളും

Image
ഒരില ഒരിലപോലെ തളിരായ ഒരിലപോലെ എളുപ്പത്തില്‍ നുള്ളിയെടുക്കാമായിരുന്നു വളരെ സൗമ്യമായി വേദനിപ്പിയ്ക്കാതത്തന്നെ
തൊട്ടപ്പോള്‍ എന്റെ മെയ് മുറിഞ്ഞിരുന്നു വേദനിച്ചിരുന്നു അവന്റെ കുറ്റമായിരുന്നില്ല എന്റെ ഇതളുകള്‍ തീര്‍ത്തും ദുര്‍ബ്ബലമായിരുന്നു
അവന്റെ കൈകള്‍ പരുപരുത്തിരുന്നത് അവന്റെ കുറ്റമായിരുന്നില്ലല്ലോ മാറിടം ബലിഷ്ടമായിരിയ്ക്കുന്നത് ദംഷ്ട്രകള്‍ കൂര്‍ത്തിരിയ്ക്കുന്നത് ഒന്നും അവന്റെ കുറ്റമായിരുന്നില്ല ആരും കുറ്റം ചെയ്യുന്നില്ല കുറ്റം സംഭവിയ്ക്കയാണ് ചെയ്യുന്നത്
വാസ്തവത്തില്‍ മരണം മരണമായിരുന്നില്ല ജീവിതം ജീവിതവും മരണം മറഞ്ഞുപോകലാകുന്നു മാഞ്ഞുപോകലാകുന്നു ജീവിതം തിരശ്ശീലയ്ക്കുമപ്പുറത്തെ ഇത്തിരി മിഴിവെട്ടവും
തീര്‍ച്ചയായും നഷ്ടം ജീവിയ്ക്കുന്നവര്‍ക്കുതന്നെയായിരുന്നു എന്റെ ഭംഗി ഉച്ഛ്വാസം മന്ദസ്മിതം നൊമ്പരങ്ങള്‍ എല്ലാം തന്നെ അവര്‍ക്ക് നഷ്ടമാവുകയായിരുന്നു
എങ്കിലും ഒന്നു ചെയ്യാമായിരുന്നു ഒരിലപോലെ തളിരായ ഒരിലപോലെ വേദനിപ്പിയ്ക്കാതെ നുള്ളിയെടുത്ത് ജീവന്റെ തുടിപ്പുകളത്രയും ഇറ്റിച്ചുകളഞ്ഞിട്ട് ഞെരിച്ചുകളയുകയെങ്കിലും ചെയ്യാമായിരുന്നു വിനോദ്

ഗ്രഹങ്ങളുടെ താരാട്ട്

കവിളത്തു നീര്‍ച്ചാലൊഴുക്കി കരയുന്നതെന്തിനെന്‍ കുഞ്ഞേ? ജീവിതപ്പെരുങ്കടല്‍ കണ്ടോ, വരും സങ്കടപ്പെരുമഴയോര്‍ത്തോ!
മഴയും വെയിലും നല്ലിരുളും ദുരിതജന്മത്തിന്റെ പാച്ചില്‍ വഴിയാകെ മുള്ളുകളല്ലോ ഭയമേതുമില്ലാതെ പോക
വേവുമീ പകലും കടന്ന് ആവുന്നതും കര പറ്റാം അഴലുകളൊരുനാളകലും വഴിയാകെ പൂക്കള്‍ നിറയും
ദൂരെ നഗരത്തിലുള്ള ഇംഗ്ലീഷുമീഡിയം തന്നില്‍ മുണ്ടു മുറുക്കിയുടുത്തും നിന്നെപ്പഠിപ്പിയ്ക്കുവാനായി എന്തെന്തു കഷ്ടനഷ്ടങ്ങള്‍ അമ്മ തളര്‍ന്നുപോകുന്നു
എങ്കിലും ജീവിതം ധന്യം സുന്ദരസ്സ്വപ്നങ്ങള്‍ കണ്ട് നല്ലൊരു നാളെയെ നെഞ്ചില്‍ വല്ലാതെ കൊണ്ടു നടന്ന്
കാക്കക്കറുപ്പുള്ള കോട്ടും ചങ്കില്‍ മുറുക്കിയ ടൈയും ചുണ്ടില്‍ നിറയെയിംഗ്ലീഷും നീ വളരുന്നതു കാണാന്‍ അമ്മ കൊതിപൂണ്ടു നില്പൂ
മാനത്തു നിന്റെ പൊന്നച്ഛന്‍ നനയുന്ന കണ്ണുകളോടെ നോക്കിയിരിയ്ക്കുകയാകും അച്ഛന്റെ മോഹനസ്വപ്നം സാക്ഷാത്ക്കരിയ്ക്കുകയില്ലേ?
ഓര്‍മ്മയിലെന്നും പുലരാന്‍ ഒരു ചെറുകാര്യമിന്നോതാം അറിവുകളേക്കാള്‍ പ്രധാനം ഒന്നാമനാകേണ്ടതത്രേ ഒന്നാമനാകണം നീയെന്നും ഒന്നുമറിയാത്ത കുഞ്ഞേ
മൊഴികളില്‍ നീയെന്നുമെന്നും കരുതലോടെയിരിയ്ക്കേണം ജീവിതപ്പടവുകള്‍ കേറാന്‍ ആംഗലേയത്തില്‍ മൊഴിയേണം<